Wednesday, December 9, 2009

ഞാനെന്നൊരു യൂണിയന്‍ ടെറിട്ടറി

കണ്ണൂരില്‍ ഓരോ രാഷ്ട്രീയകൊലപാതകങ്ങളുണ്ടാകുമ്പോഴും ഞങ്ങള്‍ തെക്കര്‍ പറയും അതു ഞങ്ങളുടെ നാടല്ല, ഞങ്ങളൊത്തു ചോദിക്കും വടക്കേ മലബാറിനെ വേറേ സംസ്ഥാനമാക്കിക്കൂടേ?

തിരുവനന്തപുരത്തുനിന്ന് പുതിയ ഗുണ്ടാക്കഥകള്‍ ഉയരുമ്പോള്‍ ഞങ്ങള്‍ വടക്കര്‍ പറയും അതു ഞങ്ങളുടെ നാടല്ല, ഞങ്ങളൊത്തു ചോദിക്കും തെക്കന്‍ തിരുവിതാംകൂറിനെ വേറേ സംസ്ഥാനമാക്കിക്കൂടേ?

കോട്ടയം പട്ടണത്തിലൊരുകിണറ്റില്‍ കന്യാസ്ത്രീയുടെ ശവം പൊങ്ങുമ്പോള്‍ ഞങ്ങള്‍ നാട്ടിന്‍‌പുറത്തുകാര്‍ പറയും അതു ഞങ്ങളുടെ നാടല്ല, ഞങ്ങളൊത്തു ചോദിക്കും കോട്ടയം മുനിസിപ്പാലിറ്റിയെ ഒരു യൂണിയന്‍ ടെറിട്ടറിയാക്കിക്കൂടേ?

കപ്പ തിന്നുന്ന ഞാന്‍ പറയും, കൊള്ളി തിന്നുന്നവനും പൂള തിന്നുന്നവനും പുതിയ സംസ്ഥാനം കൊടുത്തുകൂടേ? മരച്ചീനി തിന്നുന്നവന് ഒരു യൂണിയന്‍ ടെറിട്ടറിയെങ്കിലും?

കപ്പളങ്ങ തിന്നുന്ന ഞാന്‍ പറയും, ഓമയ്ക്ക തിന്നുന്നവനും കര്‍‌മ്മൂസ് തിന്നുന്നവനും പുതിയ സംസ്ഥാനം കൊടുത്തുകൂടേ? പപ്പായ തിന്നുന്നവന് ഒരു യൂണിയന്‍ ടെറിട്ടറിയെങ്കിലും?

ബസ്സിയിലെ കാബേജുവറവല്‍ പാത്രത്തിലെ മൊട്ടക്കോവൂസുതോരനെ ഉപ്പേരിയെന്നുവിളിച്ചുകളിയാക്കാതിരിക്കാന്‍ അവരെ വെവ്വേറെ സംസ്ഥാനങ്ങളിലാക്കണ്ടെ?

വടക്കന്‍ വരുത്തുന്ന വാരികയിലെ പൈങ്കിളി നായിക എന്നാത്തിനാ എന്നു ചോദിക്കാതിരിക്കാന്‍, തെക്കന്റെ സീരിയലിലെ പെണ്‍‌കിളിയെ ആരും ഓപ്പോളേ എന്നു വിളിക്കാതിരിക്കാന്‍ നമുക്ക് വെവ്വേറെ സംസ്ഥാനങ്ങള്‍ വേണ്ടേ?

ഹൈക്കോടതിക്ക് തിരുവനന്തപുരത്ത് ബെഞ്ചും നാരങ്ങാപ്പുറത്തും കസേരയും വരണമെങ്കില്‍?

ഒടുക്കം അങ്ങനെയങ്ങനെ ആലപ്പുഴയില്‍ കാടും പീരുമേട്ടില്‍ കടലും വരുന്ന കാലത്ത് ഞാനൊരു യൂണിയന്‍ ടെറിട്ടറിയാകും. അച്ഛന്‍ ഹൈക്കമാന്റും അമ്മപ്പോളിറ്റ് ബ്യൂറോയും എന്നെയെങ്ങനെ ഭരിക്കണമെന്നു തീരുമാനിക്കാന്‍ കണിയാനെ വിളിച്ചു കവടി നിരത്തിക്കും.

കണിശനും പണിക്കരുമൊക്കെ അപ്പോ വേറേ സംസ്ഥാനങ്ങളിലായിരിക്കുമല്ലോ?