Friday, October 28, 2011

യാത്രക്കാന്തം

ആര്‍ക്ക് ഓണം? ആരുടെ കോണം? ആറിക്കോണം ങേ....

കട്ടിപ്പുടി കട്ടിപ്പുടി ഡാ..കട്ടില്‍പ്പടി കട്ടിപ്പുടീ ഡാ...

വലഞ്ഞു പോയാല്‍ എരട് പേട്ട, തിരിഞ്ഞു പോയാല്‍ ഇരണ്ടു പേട്ട..
നേരെ പോയാല്‍ ഇരുണ്ടു പേട്ടാ, ഇരുന്നു പോയാല്‍ ചേലായ്‌ ബേട്ട..

മാമ്പഴമാ മാമ്പഴം സേലത്തെ മാമ്പഴം,
സെലൊത്ത മാമ്പഴം, ചേല മൂടും മാമ്പഴം

റെയില്‍ വിട്ടിന്നിനി വഴിയില്ല..ആ റോഡിന്നില്ലീ റോഡും

Wednesday, October 19, 2011

ചന്ദ്രനിലേക്കൊരു പുഴു

ലാപ്‌ടോപിലെ എഫ്‌ആറ് കീയുടെ മുകളിലെത്തിയപ്പോഴാണ്
പുഴു കള്ളിയയിലടയ്ക്ക്പ്പെട്ട ഒരു താഴിനെ കണ്ടെത്തിയത്

നാസദ്വാരങ്ങളിലെ രോമകൂപങ്ങളില്‍ തടഞ്ഞിരുന്ന അസ്തിത്വവ്യഥ
സ്വാതന്ത്ര്യപ്രഖ്യാപനദിവസം
കല്‍ക്കണ്‍ടമലരേ പാടിയത് സാമൂവല്‍ ഹാനിമാന്റെ
ചിത്രത്തിനുമുന്നില്‍ വെച്ചായിരുന്നു

പിടിയുള്ള ചന്ദ്രക്കലയെയാണ് അരിവാളെന്നു വിളിക്കുന്നതെന്നുപറഞ്ഞ്
പുഴുവമ്മ സെറെലാക് കുഴച്ചപ്പോഴേയ്ക്കും
താഴില്‍ താക്കോലുകള്‍ വീണുകഴിഞ്ഞിരുന്നു

ത്രാസിന്റെ രണ്ടാം തട്ടില്‍ ഏഴ് ഓടക്കുഴലുകള്‍ വെച്ചപ്പോഴാണ്
കന്നിമാസം കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തുപോയത്
രാഹുവിന്റെ അന്നനാളത്തിന്റെ എം‌ആറ്‌ഐ ചിത്രത്തിലൊരു ഭ്രൂണം
ലാപ്‌റ്റോപ് മോണിട്ടറില്‍ തെളിഞ്ഞപ്പോള്‍
പിടിയെ കാണുമെന്ന മോഹത്താല്‍ പുഴു കൊമ്പുയര്‍ത്തി
സര്‍വ്വവിജ്ഞാനകോശത്തില്‍ ട്രാന്‍സ്ഫെറന്‍സ് എന്ന് വാക്ക് തിരഞ്ഞു

ഒരു ഭൂമികുലുക്കത്തിലാണ് പുഴു അത് വായിച്ചുതുടങ്ങിയത് മെല്ലെമെല്ലെ
അപ്പോളോയുടെ ടയര്‍ പാടിലെത്തിയിരുന്നു പുഴു

NB: ചന്ദ്രനില്‍ യമുനയും കാളിയനും ഇസഡോരാ ദങ്കനുമില്ല

Wednesday, December 9, 2009

ഞാനെന്നൊരു യൂണിയന്‍ ടെറിട്ടറി

കണ്ണൂരില്‍ ഓരോ രാഷ്ട്രീയകൊലപാതകങ്ങളുണ്ടാകുമ്പോഴും ഞങ്ങള്‍ തെക്കര്‍ പറയും അതു ഞങ്ങളുടെ നാടല്ല, ഞങ്ങളൊത്തു ചോദിക്കും വടക്കേ മലബാറിനെ വേറേ സംസ്ഥാനമാക്കിക്കൂടേ?

തിരുവനന്തപുരത്തുനിന്ന് പുതിയ ഗുണ്ടാക്കഥകള്‍ ഉയരുമ്പോള്‍ ഞങ്ങള്‍ വടക്കര്‍ പറയും അതു ഞങ്ങളുടെ നാടല്ല, ഞങ്ങളൊത്തു ചോദിക്കും തെക്കന്‍ തിരുവിതാംകൂറിനെ വേറേ സംസ്ഥാനമാക്കിക്കൂടേ?

കോട്ടയം പട്ടണത്തിലൊരുകിണറ്റില്‍ കന്യാസ്ത്രീയുടെ ശവം പൊങ്ങുമ്പോള്‍ ഞങ്ങള്‍ നാട്ടിന്‍‌പുറത്തുകാര്‍ പറയും അതു ഞങ്ങളുടെ നാടല്ല, ഞങ്ങളൊത്തു ചോദിക്കും കോട്ടയം മുനിസിപ്പാലിറ്റിയെ ഒരു യൂണിയന്‍ ടെറിട്ടറിയാക്കിക്കൂടേ?

കപ്പ തിന്നുന്ന ഞാന്‍ പറയും, കൊള്ളി തിന്നുന്നവനും പൂള തിന്നുന്നവനും പുതിയ സംസ്ഥാനം കൊടുത്തുകൂടേ? മരച്ചീനി തിന്നുന്നവന് ഒരു യൂണിയന്‍ ടെറിട്ടറിയെങ്കിലും?

കപ്പളങ്ങ തിന്നുന്ന ഞാന്‍ പറയും, ഓമയ്ക്ക തിന്നുന്നവനും കര്‍‌മ്മൂസ് തിന്നുന്നവനും പുതിയ സംസ്ഥാനം കൊടുത്തുകൂടേ? പപ്പായ തിന്നുന്നവന് ഒരു യൂണിയന്‍ ടെറിട്ടറിയെങ്കിലും?

ബസ്സിയിലെ കാബേജുവറവല്‍ പാത്രത്തിലെ മൊട്ടക്കോവൂസുതോരനെ ഉപ്പേരിയെന്നുവിളിച്ചുകളിയാക്കാതിരിക്കാന്‍ അവരെ വെവ്വേറെ സംസ്ഥാനങ്ങളിലാക്കണ്ടെ?

വടക്കന്‍ വരുത്തുന്ന വാരികയിലെ പൈങ്കിളി നായിക എന്നാത്തിനാ എന്നു ചോദിക്കാതിരിക്കാന്‍, തെക്കന്റെ സീരിയലിലെ പെണ്‍‌കിളിയെ ആരും ഓപ്പോളേ എന്നു വിളിക്കാതിരിക്കാന്‍ നമുക്ക് വെവ്വേറെ സംസ്ഥാനങ്ങള്‍ വേണ്ടേ?

ഹൈക്കോടതിക്ക് തിരുവനന്തപുരത്ത് ബെഞ്ചും നാരങ്ങാപ്പുറത്തും കസേരയും വരണമെങ്കില്‍?

ഒടുക്കം അങ്ങനെയങ്ങനെ ആലപ്പുഴയില്‍ കാടും പീരുമേട്ടില്‍ കടലും വരുന്ന കാലത്ത് ഞാനൊരു യൂണിയന്‍ ടെറിട്ടറിയാകും. അച്ഛന്‍ ഹൈക്കമാന്റും അമ്മപ്പോളിറ്റ് ബ്യൂറോയും എന്നെയെങ്ങനെ ഭരിക്കണമെന്നു തീരുമാനിക്കാന്‍ കണിയാനെ വിളിച്ചു കവടി നിരത്തിക്കും.

കണിശനും പണിക്കരുമൊക്കെ അപ്പോ വേറേ സംസ്ഥാനങ്ങളിലായിരിക്കുമല്ലോ?